2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

അമ്മമലയാളം


ഒരുവന് തന്റെ അന്തരംഗത്തിലുള്ള കാര്യങ്ങള്‍ മറ്റൊരാളെ അറിയിക്കാനുള്ള ഉപാധിയാണ് ഭാഷ. സമൂഹത്തിന്റെ ഉത്പന്നമാണ് ഭാഷ. പ്രാചീന കാലങ്ങളില്‍ ആംഗ്യഭാഷയിലൂടെ വിവരവിനിമയം നടത്താന്‍ ശ്രമിച്ചു.പിന്നെ ശബ്ദങ്ങളായി മാധ്യമം. ശബ്ദങ്ങള്‍ അര്‍ത്ഥയുക്തമായ
പദങ്ങളും വാക്യങ്ങളുമായപ്പോള്‍ ആശയവിനിമയം എളുപ്പവും പ്രയോജനകരവുമായി.ഇവിടെയാണ് യഥാര്‍ത്ഥഭാഷയുടെ ഉത്ഭവം. ലോകത്താകെയായി 3000-ല്‍ പരം ഭാഷകളുണ്ട്. അവയില്‍ ചിലത് അന്യം നിന്നുപോയി. മലയാളഭാഷയും ധാരാളം പടവുകള്‍ താണ്ടിയാണ് എഴുത്തച്ഛനിലെത്തിയത്. തമിഴ്ഛായയുള്ള മലയാളവും സംസ്കൃതം കലര്‍ന്ന മലയാളവും നമ്മുടെ മാതൃഭാഷയുടെ പൂര്‍വികരാണ്.അങ്ങനെ സമ്പല്‍സമൃദ്ധമായ, മനോഹര്യായ നമ്മുടെ മാതൃഭാഷയും പടിഞ്ഞാറന്‍ ചക്രവാളത്തോട് അടുത്തുകൊണ്ടിരിക്കയാണ്.
എന്തിനാണ് ലോകത്തില്‍ ഇത്രയേറെ ഭാഷകള്‍ ?

2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

'സിംല' എന്ന ആപ്പിള്‍ നഗരം

സിംല, ഇന്ത്യയിലെ പ്രശസ്തവും, മനോഹരവുമായ ടൂറിസ്ററ് കേന്ദ്രം. 'ക്വിസ്സ് ഇന്ത്യ'യുടെ താളുകള്‍ മറിക്കുമ്പോള്‍ മനസ്സിലന്നേ സിംല പതിഞ്ഞിരുന്നു. കിട്ടാത്ത മുന്തിരിയാണെങ്കിലും ഓര്‍ക്കുമ്പോള്‍ മധുരം ഊറിയൂറി വരുന്നു.
അഞ്ചാം തരത്തിലെ മധ്യവേനലവധിക്കാലം. ചിരിയും, കളിയും, പിണക്കങ്ങളുമായി അങ്ങനെ ഹരം പിടിച്ചു വരികയായിരുന്നു.
അതിനിടെയാണ് സന്തോഷകരമായ ആ വാര്‍ത്തയുമായി അച്ഛനെത്തുന്നത്. അച്ഛന്റെ കയ്യിലുള്ള ടിക്കററുകളില്‍ എന്റെ പേരും പതിഞ്ഞിരിക്കുന്നു. ഒപ്പം ഇന്ത്യന്‍ റെയില്‍വെയുടെ യാത്രാമംഗളവും.
വിഷു ഒരു തരത്തില്‍ ആഘോഷിച്ചു തീര്‍ക്കുകയായിരുന്നു. പടക്കങ്ങള്‍ക്കിത്തവണ വിശ്രമം. പൊട്ടാനിരിക്കുന്നത് ഒരു വമ്പന്‍ പടക്കം തന്നെയല്ലേ. ഡല്‍ഹി എന്ന പടക്കം, സിംല എന്ന പടക്കം,
ആഗ്ര എന്ന പടക്കം. പിന്നെ താജ്മഹലെന്ന ഭീമന്‍ പടക്കവും!
ഏപ്രില്‍ 16 ന് ഞങ്ങള്‍ പുറപ്പെട്ടു. ഞങ്ങള്‍ നാലുപേരും, അച്ഛന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മുന്‍പ്രിന്‍സിപ്പളും കുടുംബവും.
ജാഗ്രതയിലായിരിക്കണം. രണ്ടര ദിവസത്തെ യാത്രയുണ്ട് ഡല്‍ഹിക്ക്. ഭക്ഷണം, സാധനസാമഗ്രികള്‍
എന്നിവയില്‍ പ്രത്യേക ശ്രദ്ധ വേണം. പക്ഷിപ്പനിയുടെ സീസണ്‍ കൂടിയാണ്. അങ്ങനെ കൊങ്കണപാതയിലൂടെ മുന്തിരിപ്പാടവും, ഗോതമ്പപാടവും, ചമ്പല്‍ കാടുകളും പിന്നിട്ട് ഞങ്ങള്‍ ഡല്‍ഹി എന്ന മഹാനഗരത്തിലെത്തി. രണ്ടുമൂന്നു ദിവസം ഡല്‍ഹിയുടെ വശ്യമായ അനുഭൂതിയില്‍ ഞങ്ങള്‍ പാടെ ലയിച്ചു ചേര്‍ന്നു.
21 ന് ടൂറിസ്ററ് ഗൈഡ് ഏര്‍പ്പാടാക്കിത്തന്ന സുമോയിലായിരുന്നു ആ 'മുന്തിരി' നുകരാനുള്ള യാത്ര.
സിംല അക്ഷരാര്‍ഥത്തില്‍ ആപ്പിളുകളുടെ നഗരമാണ്. ജനങ്ങളുടെ മുഖവും ആപ്പിളുകളും തമ്മില്‍ എന്തെന്നില്ലാത്ത സാരൂപ്യം.
ഇനിയുള്ള ഓരോ നിമിഷവും ഓരോ അനുഭവം തന്നെയാണ്!
 കല്‍ക്ക റെയില്‍വെ സ്റ്റേഷനില്‍ ചടഞ്ഞിരിക്കുമ്പോള്‍ ദൂരെ അങ്ങു ദൂരെ നിന്ന് ഹിമാദ്രി എന്നോട് കണ്ണുചിമ്മുന്നുണ്ടായിരുന്നു. തീപ്പെട്ടിക്കൂട്ടില്‍ മീറ്റര്‍ ഗേജിലൂടെ ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ടുള്ള യാത്ര, അതായിരുന്നു കല്‍ക്ക-സിംല തീവണ്ടി യാത്ര. അവ ആധുനിക തീവണ്ടികളുടെ സൗകര്യങ്ങളുടെ എങ്ങുമെത്തില്ല എങ്കില്‍ കൂടിയും, ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ ആ തീപ്പെട്ടിക്കൂട്ടില്‍ കയറണം. ടോട്ടോച്ചാനെ പോലെ ജനാല്‍ക്കരികില്‍ തന്നെ ഇരിക്കണം. മതിമറന്നാസ്വദിക്കണം ഹിമവാന്റെ സൗന്ദര്യം, പൈനിന്റെ  ലാളിത്യം, കുളിരിന്റെ കടുപ്പം. ചുരങ്ങള്‍ ചുറ്റിയും, തുരങ്കങ്ങള്‍ കീറിമുറിച്ചും കൂടുകളങ്ങനെ നീങ്ങി.

        അതിരായിലെ പുറപ്പെട്ടിരുന്നതിനാലും , യാത്ര അഞ്ചുമണിക്കൂറോളം നീണ്ടുനിന്നതിനാലും , നാടും നാട്ടാരും സജീവമാകുമ്പോഴാണ് ഞങ്ങള്‍ അവിടെ എത്തിയത്. നേരെ ചെന്നത് പരിഷത്ത് സംഘടനയുടെ ഹിമാചല്‍ കേന്ദ്രത്തിലായിരുന്നു. ഓവര്‍ കോട്ടിട്ട്, നനുത്ത പുഞ്ചിരിയുമായി സ്കൂള്‍ കുട്ടികള്‍ പറ്റം പറ്റമായി നീങ്ങുന്നുണ്ടായിരുന്നു. മുട്ടോടക്കുന്ന ഒരു ഉടുപ്പും പിന്നിയിട്ട മുടിയുമായി എല്ലാം വാ പിളന്നു നോക്കുന്ന ​എന്നെ അവര്‍ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ഞാനും ഉത്കണ്ഠയിലായിരുന്നു. എന്നാല്‍ എല്ലാ ഇന്ത്യാക്കാരും എന്റെ  സഹോദരീ സഹോദരന്മാരാണെന്നോര്‍ത്തപ്പോള്‍ അതിശയവും ഉത്കണ്ഠയും സിന്ധുവും യമുനയും കടന്നങ്ങുപോയി.

        ഹിമാദ്രിയുടെ തനതായ കുളിര്‍മയില്‍ മൃഗശാല, ഹനുമാനമ്പലം ​എന്നിവ ഞങ്ങള്‍ സന്ദര്‍ശിച്ചു. ഹനുമാനമ്പലമായിരുന്നു അതിശയം! ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമായിരുന്നു അത്. ഹനുമാന്റെ സുഹൃത്തുക്കള്‍ പരിസരങ്ങളില്‍ കിടന്ന് കറങ്ങുന്നുണ്ടായിരുന്നു.

ഞങ്ങള്‍ക്കും ജീവിക്കേണ്ടേ!

"കുട്ടികളേ, എ.പി.ജെ.അബ്ദുള്‍കലാം പറഞ്ഞതു കേട്ടിട്ടില്ലേ! ജീവിതത്തില്‍ ധാരാളം സ്വപ്നങ്ങള്‍ കാണണം. വലിയ വലിയ സ്വപ്നങ്ങള്‍. പിന്നീട് അവയെ വിട്ടുകളയരുത്. അവയെപ്പറ്റി ചിന്തിക്കണം, അവയെ എത്തിപ്പിടിക്കണം." രമണിട്ടീച്ചറൊന്നു നിര്‍ത്തി. 
കുട്ടികളെല്ലാം മേല്‍പോട്ടു നോക്കിയിരിക്കുകയാണ്. കഴിഞ്ഞ രാത്രിയില്‍ കണ്ണിമകള്‍ക്കിടയില്‍ പുങ്കാവനം വിരിയിച്ച ആ സ്വപ്നം. ഇല്ല, എത്ര ഓര്‍ത്തിട്ടും കിട്ടണില്ല.
"പോട്ടെ, ഇനി വിട്ടുകളയരുത് കേട്ടോ!" ടീച്ചര്‍ എല്ലാവരെയും സമാധാനിപ്പിച്ചു.

"ജസീല പറയൂ, മോള്‍ക്ക് ആരാകാനാണ് ആഗ്രഹം?"
ജസീല സ്ലേറ്റും ബാഗും താഴെവച്ച് എഴുന്നേറ്റു. " ടീച്ചര്‍ ഡോക്ടറാകണം."
"രവിക്കോ?", ടീച്ചര്‍ മുന്നിലിരിക്കുന്ന ഒരു പൊടിച്ചെറുക്കനെ നോക്കി.
"കലക്ടറാകണം, ടീച്ചര്‍"
"ഇനി അമ്മുക്കുട്ടി പറയൂ, എന്താ നിന്റെ ആഗ്രഹം?"
"എനിക്ക് തൂപ്പുജോലി ചെയ്യുന്ന ഒരു എഞ്ചിനീയറാകണം."

ണിം, ണിം, ണിം... മണിമുഴങ്ങി. കുട്ടികള്‍ ഇരച്ചു പുറത്തേക്കോടി.
രമണിട്ടീച്ചര്‍   അമ്മുക്കുട്ടിയെ അടുത്തുവിളിച്ചു. "അമ്മുക്കുട്ടി ഇങ്ങുവരൂ."
സഹജമായ ചിണുങ്ങലോടെ അവളോടിയെത്തി.
      
റെയില്‍വെ ട്രാക്കിനപ്പുറത്തെ റേഷന്‍പീടികയ്ക്ക് പിറകില്‍ പതനം കാത്തുകിടക്കുന്ന ഒരു ചായ്പിലാണ് അവളുടെ താമസം. നിര്‍ധനരായ അച്ഛനും അമ്മയ്ക്കും പുറമെ രണ്ടു ചേച്ചിമാരും.

"ടീച്ചര്‍, അമ്മിണിച്ചേച്ചി പത്തു തോറ്റു. നാലും 'ബി' ആയിരുന്നു. ഇപ്പോ അയല്‍ വീട്വോളില്‍ തറ വൃത്തിയാക്കാന്‍ പോവുകയാണ്. പണം വേണ്ടേ, എന്നാലല്ലേ ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റൂ.."
"പിന്നെ അടുത്ത ചേച്ചി മാളുവോ? " ടീച്ചര്‍ ആരാഞ്ഞു.
"ചേച്ചി എട്ടിലാണ്. മാളുച്ചേച്ചിയും ഞായറാഴ്ചകളില്‍ തറതുടക്കാന്‍ പോകും. ജോലി ചെയ്യണം, പണം വേണം, 
​എങ്കിലല്ലേ ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റൂ.. "
ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്ന അമ്മുവിനെ ടീച്ചര്‍ക്ക് നന്നേ പിടിച്ചു.
"  ടീച്ചര്‍, ഏഴു കഴിയട്ടെ, അമ്മുവും പോകും തൂപ്പിന്. എന്നാലല്ലേ ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റൂ. എന്നിട്ട് എഞ്ചിനീയറാകും. "
രമണി ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു.  എത്ര നിഷ്കളങ്കയായ കുട്ടി. അവളുടെ ജീവിതം അവളെ പലതും പഠിപ്പിച്ചു. പണം വേണം, ജോലി വേണം, ജീവിക്കണം.

വര്‍ഷങ്ങള്‍ കരിയിലകള്‍ പോലെ വാടി വീണു. രമണിട്ടീച്ചര്‍ ഇന്ന് സാന്ത്വനം വയോജനകേന്ദ്രത്തിലെ വാര്‍ഡനാണ്. നിര്‍ഭാഗ്യരായ കുറേ ജീവിതങ്ങള്‍ കുടികൊള്ളുന്ന ഒരു ലോകം. ഉമ്മറപ്പടിയില്‍ കാലത്തിന്റെ കളിതമാശകള്‍ നു​ണഞ്ഞുംകൊണ്ട്  രമണി ടീച്ചറിരിക്കുകയായിരുന്നു.

രണ്ടുപേര്‍ നടന്നു വരുന്നുണ്ട്. നന്നേ അവശരാണ്. മനസ്സിന്റെ ഭീമമായ ഭാരം അവരുടെ മുഖത്ത് സ്ഫുരിച്ചു നില്‍ക്കുന്നു. "വരൂ.."  രമണിട്ടീച്ചര്‍ അവരിരുവരേയും അകത്തളത്തിലേക്ക് ക്ഷണിച്ചു. വൃദ്ധദമ്പതികള്‍ ആ മുഖത്തേക്ക് ഒരുവേള നോക്കി.
"ടീച്ചര്‍! രമണി ടീച്ചറല്ലെ ? ഓര്‍മ്മയുണ്ടോ ? ഞങ്ങള്‍.. അമ്മുക്കുട്ടീടെ.."
ടീച്ചറുടെ മുഖമൊന്നു വിളറി. തന്റെ അമ്മുക്കുട്ടിയുടെ, ജീവിതത്തിന്റെ പൊരുളും ​എരിവും തിരിച്ചറിഞ്ഞ അമ്മുക്കുട്ടിയുടെ, രക്ഷിതാക്കള്‍!
"അമ്മുക്കുട്ടി, എങ്ങനെ ? "
" നന്നായിരിക്കുന്നു..." വൃദ്ധപിതാവ് മൊഴിഞ്ഞു.

" എഞ്ചിനീയറാണ്. വിവാഹം കഴിഞ്ഞു. ജോലിയായി, സമ്പത്തായി, നല്ല ജീവിതമായി. എല്ലാമായി. പക്ഷേ, അപ്പോഴേക്കും ഞങ്ങളെ വേണ്ടാതായി. ഇറക്കിവിടും മുമ്പ് ഞങ്ങളിങ്ങുപോന്നു. ഞങ്ങള്‍ക്കും ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കേണ്ടേ! "

അവളുടെ ജീവിതസങ്കല്പം ഇങ്ങനെയായിത്തീരുമെന്ന് രമണിട്ടീച്ചര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.