2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

ഞങ്ങള്‍ക്കും ജീവിക്കേണ്ടേ!

"കുട്ടികളേ, എ.പി.ജെ.അബ്ദുള്‍കലാം പറഞ്ഞതു കേട്ടിട്ടില്ലേ! ജീവിതത്തില്‍ ധാരാളം സ്വപ്നങ്ങള്‍ കാണണം. വലിയ വലിയ സ്വപ്നങ്ങള്‍. പിന്നീട് അവയെ വിട്ടുകളയരുത്. അവയെപ്പറ്റി ചിന്തിക്കണം, അവയെ എത്തിപ്പിടിക്കണം." രമണിട്ടീച്ചറൊന്നു നിര്‍ത്തി. 
കുട്ടികളെല്ലാം മേല്‍പോട്ടു നോക്കിയിരിക്കുകയാണ്. കഴിഞ്ഞ രാത്രിയില്‍ കണ്ണിമകള്‍ക്കിടയില്‍ പുങ്കാവനം വിരിയിച്ച ആ സ്വപ്നം. ഇല്ല, എത്ര ഓര്‍ത്തിട്ടും കിട്ടണില്ല.
"പോട്ടെ, ഇനി വിട്ടുകളയരുത് കേട്ടോ!" ടീച്ചര്‍ എല്ലാവരെയും സമാധാനിപ്പിച്ചു.

"ജസീല പറയൂ, മോള്‍ക്ക് ആരാകാനാണ് ആഗ്രഹം?"
ജസീല സ്ലേറ്റും ബാഗും താഴെവച്ച് എഴുന്നേറ്റു. " ടീച്ചര്‍ ഡോക്ടറാകണം."
"രവിക്കോ?", ടീച്ചര്‍ മുന്നിലിരിക്കുന്ന ഒരു പൊടിച്ചെറുക്കനെ നോക്കി.
"കലക്ടറാകണം, ടീച്ചര്‍"
"ഇനി അമ്മുക്കുട്ടി പറയൂ, എന്താ നിന്റെ ആഗ്രഹം?"
"എനിക്ക് തൂപ്പുജോലി ചെയ്യുന്ന ഒരു എഞ്ചിനീയറാകണം."

ണിം, ണിം, ണിം... മണിമുഴങ്ങി. കുട്ടികള്‍ ഇരച്ചു പുറത്തേക്കോടി.
രമണിട്ടീച്ചര്‍   അമ്മുക്കുട്ടിയെ അടുത്തുവിളിച്ചു. "അമ്മുക്കുട്ടി ഇങ്ങുവരൂ."
സഹജമായ ചിണുങ്ങലോടെ അവളോടിയെത്തി.
      
റെയില്‍വെ ട്രാക്കിനപ്പുറത്തെ റേഷന്‍പീടികയ്ക്ക് പിറകില്‍ പതനം കാത്തുകിടക്കുന്ന ഒരു ചായ്പിലാണ് അവളുടെ താമസം. നിര്‍ധനരായ അച്ഛനും അമ്മയ്ക്കും പുറമെ രണ്ടു ചേച്ചിമാരും.

"ടീച്ചര്‍, അമ്മിണിച്ചേച്ചി പത്തു തോറ്റു. നാലും 'ബി' ആയിരുന്നു. ഇപ്പോ അയല്‍ വീട്വോളില്‍ തറ വൃത്തിയാക്കാന്‍ പോവുകയാണ്. പണം വേണ്ടേ, എന്നാലല്ലേ ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റൂ.."
"പിന്നെ അടുത്ത ചേച്ചി മാളുവോ? " ടീച്ചര്‍ ആരാഞ്ഞു.
"ചേച്ചി എട്ടിലാണ്. മാളുച്ചേച്ചിയും ഞായറാഴ്ചകളില്‍ തറതുടക്കാന്‍ പോകും. ജോലി ചെയ്യണം, പണം വേണം, 
​എങ്കിലല്ലേ ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റൂ.. "
ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്ന അമ്മുവിനെ ടീച്ചര്‍ക്ക് നന്നേ പിടിച്ചു.
"  ടീച്ചര്‍, ഏഴു കഴിയട്ടെ, അമ്മുവും പോകും തൂപ്പിന്. എന്നാലല്ലേ ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റൂ. എന്നിട്ട് എഞ്ചിനീയറാകും. "
രമണി ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു.  എത്ര നിഷ്കളങ്കയായ കുട്ടി. അവളുടെ ജീവിതം അവളെ പലതും പഠിപ്പിച്ചു. പണം വേണം, ജോലി വേണം, ജീവിക്കണം.

വര്‍ഷങ്ങള്‍ കരിയിലകള്‍ പോലെ വാടി വീണു. രമണിട്ടീച്ചര്‍ ഇന്ന് സാന്ത്വനം വയോജനകേന്ദ്രത്തിലെ വാര്‍ഡനാണ്. നിര്‍ഭാഗ്യരായ കുറേ ജീവിതങ്ങള്‍ കുടികൊള്ളുന്ന ഒരു ലോകം. ഉമ്മറപ്പടിയില്‍ കാലത്തിന്റെ കളിതമാശകള്‍ നു​ണഞ്ഞുംകൊണ്ട്  രമണി ടീച്ചറിരിക്കുകയായിരുന്നു.

രണ്ടുപേര്‍ നടന്നു വരുന്നുണ്ട്. നന്നേ അവശരാണ്. മനസ്സിന്റെ ഭീമമായ ഭാരം അവരുടെ മുഖത്ത് സ്ഫുരിച്ചു നില്‍ക്കുന്നു. "വരൂ.."  രമണിട്ടീച്ചര്‍ അവരിരുവരേയും അകത്തളത്തിലേക്ക് ക്ഷണിച്ചു. വൃദ്ധദമ്പതികള്‍ ആ മുഖത്തേക്ക് ഒരുവേള നോക്കി.
"ടീച്ചര്‍! രമണി ടീച്ചറല്ലെ ? ഓര്‍മ്മയുണ്ടോ ? ഞങ്ങള്‍.. അമ്മുക്കുട്ടീടെ.."
ടീച്ചറുടെ മുഖമൊന്നു വിളറി. തന്റെ അമ്മുക്കുട്ടിയുടെ, ജീവിതത്തിന്റെ പൊരുളും ​എരിവും തിരിച്ചറിഞ്ഞ അമ്മുക്കുട്ടിയുടെ, രക്ഷിതാക്കള്‍!
"അമ്മുക്കുട്ടി, എങ്ങനെ ? "
" നന്നായിരിക്കുന്നു..." വൃദ്ധപിതാവ് മൊഴിഞ്ഞു.

" എഞ്ചിനീയറാണ്. വിവാഹം കഴിഞ്ഞു. ജോലിയായി, സമ്പത്തായി, നല്ല ജീവിതമായി. എല്ലാമായി. പക്ഷേ, അപ്പോഴേക്കും ഞങ്ങളെ വേണ്ടാതായി. ഇറക്കിവിടും മുമ്പ് ഞങ്ങളിങ്ങുപോന്നു. ഞങ്ങള്‍ക്കും ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കേണ്ടേ! "

അവളുടെ ജീവിതസങ്കല്പം ഇങ്ങനെയായിത്തീരുമെന്ന് രമണിട്ടീച്ചര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

2 അഭിപ്രായങ്ങൾ:

  1. അവളുടെ ജീവിതസങ്കല്പം ഇങ്ങനെയായിത്തീരുമെന്ന് രമണിട്ടീച്ചര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

    പ്രതീക്ഷിക്കാത്തതാണ് നടക്കുന്നത്
    കഥ നന്നായെഴുതി

    മറുപടിഇല്ലാതാക്കൂ
  2. പുതിയ തലമുറയുടെ വീക്ഷണം ടീച്ചര്‍ മനസ്സിലാക്കിയില്ല.കഥ നന്നായി.

    മറുപടിഇല്ലാതാക്കൂ