2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

'സിംല' എന്ന ആപ്പിള്‍ നഗരം

സിംല, ഇന്ത്യയിലെ പ്രശസ്തവും, മനോഹരവുമായ ടൂറിസ്ററ് കേന്ദ്രം. 'ക്വിസ്സ് ഇന്ത്യ'യുടെ താളുകള്‍ മറിക്കുമ്പോള്‍ മനസ്സിലന്നേ സിംല പതിഞ്ഞിരുന്നു. കിട്ടാത്ത മുന്തിരിയാണെങ്കിലും ഓര്‍ക്കുമ്പോള്‍ മധുരം ഊറിയൂറി വരുന്നു.
അഞ്ചാം തരത്തിലെ മധ്യവേനലവധിക്കാലം. ചിരിയും, കളിയും, പിണക്കങ്ങളുമായി അങ്ങനെ ഹരം പിടിച്ചു വരികയായിരുന്നു.
അതിനിടെയാണ് സന്തോഷകരമായ ആ വാര്‍ത്തയുമായി അച്ഛനെത്തുന്നത്. അച്ഛന്റെ കയ്യിലുള്ള ടിക്കററുകളില്‍ എന്റെ പേരും പതിഞ്ഞിരിക്കുന്നു. ഒപ്പം ഇന്ത്യന്‍ റെയില്‍വെയുടെ യാത്രാമംഗളവും.
വിഷു ഒരു തരത്തില്‍ ആഘോഷിച്ചു തീര്‍ക്കുകയായിരുന്നു. പടക്കങ്ങള്‍ക്കിത്തവണ വിശ്രമം. പൊട്ടാനിരിക്കുന്നത് ഒരു വമ്പന്‍ പടക്കം തന്നെയല്ലേ. ഡല്‍ഹി എന്ന പടക്കം, സിംല എന്ന പടക്കം,
ആഗ്ര എന്ന പടക്കം. പിന്നെ താജ്മഹലെന്ന ഭീമന്‍ പടക്കവും!
ഏപ്രില്‍ 16 ന് ഞങ്ങള്‍ പുറപ്പെട്ടു. ഞങ്ങള്‍ നാലുപേരും, അച്ഛന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മുന്‍പ്രിന്‍സിപ്പളും കുടുംബവും.
ജാഗ്രതയിലായിരിക്കണം. രണ്ടര ദിവസത്തെ യാത്രയുണ്ട് ഡല്‍ഹിക്ക്. ഭക്ഷണം, സാധനസാമഗ്രികള്‍
എന്നിവയില്‍ പ്രത്യേക ശ്രദ്ധ വേണം. പക്ഷിപ്പനിയുടെ സീസണ്‍ കൂടിയാണ്. അങ്ങനെ കൊങ്കണപാതയിലൂടെ മുന്തിരിപ്പാടവും, ഗോതമ്പപാടവും, ചമ്പല്‍ കാടുകളും പിന്നിട്ട് ഞങ്ങള്‍ ഡല്‍ഹി എന്ന മഹാനഗരത്തിലെത്തി. രണ്ടുമൂന്നു ദിവസം ഡല്‍ഹിയുടെ വശ്യമായ അനുഭൂതിയില്‍ ഞങ്ങള്‍ പാടെ ലയിച്ചു ചേര്‍ന്നു.
21 ന് ടൂറിസ്ററ് ഗൈഡ് ഏര്‍പ്പാടാക്കിത്തന്ന സുമോയിലായിരുന്നു ആ 'മുന്തിരി' നുകരാനുള്ള യാത്ര.
സിംല അക്ഷരാര്‍ഥത്തില്‍ ആപ്പിളുകളുടെ നഗരമാണ്. ജനങ്ങളുടെ മുഖവും ആപ്പിളുകളും തമ്മില്‍ എന്തെന്നില്ലാത്ത സാരൂപ്യം.
ഇനിയുള്ള ഓരോ നിമിഷവും ഓരോ അനുഭവം തന്നെയാണ്!
 കല്‍ക്ക റെയില്‍വെ സ്റ്റേഷനില്‍ ചടഞ്ഞിരിക്കുമ്പോള്‍ ദൂരെ അങ്ങു ദൂരെ നിന്ന് ഹിമാദ്രി എന്നോട് കണ്ണുചിമ്മുന്നുണ്ടായിരുന്നു. തീപ്പെട്ടിക്കൂട്ടില്‍ മീറ്റര്‍ ഗേജിലൂടെ ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ടുള്ള യാത്ര, അതായിരുന്നു കല്‍ക്ക-സിംല തീവണ്ടി യാത്ര. അവ ആധുനിക തീവണ്ടികളുടെ സൗകര്യങ്ങളുടെ എങ്ങുമെത്തില്ല എങ്കില്‍ കൂടിയും, ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ ആ തീപ്പെട്ടിക്കൂട്ടില്‍ കയറണം. ടോട്ടോച്ചാനെ പോലെ ജനാല്‍ക്കരികില്‍ തന്നെ ഇരിക്കണം. മതിമറന്നാസ്വദിക്കണം ഹിമവാന്റെ സൗന്ദര്യം, പൈനിന്റെ  ലാളിത്യം, കുളിരിന്റെ കടുപ്പം. ചുരങ്ങള്‍ ചുറ്റിയും, തുരങ്കങ്ങള്‍ കീറിമുറിച്ചും കൂടുകളങ്ങനെ നീങ്ങി.

        അതിരായിലെ പുറപ്പെട്ടിരുന്നതിനാലും , യാത്ര അഞ്ചുമണിക്കൂറോളം നീണ്ടുനിന്നതിനാലും , നാടും നാട്ടാരും സജീവമാകുമ്പോഴാണ് ഞങ്ങള്‍ അവിടെ എത്തിയത്. നേരെ ചെന്നത് പരിഷത്ത് സംഘടനയുടെ ഹിമാചല്‍ കേന്ദ്രത്തിലായിരുന്നു. ഓവര്‍ കോട്ടിട്ട്, നനുത്ത പുഞ്ചിരിയുമായി സ്കൂള്‍ കുട്ടികള്‍ പറ്റം പറ്റമായി നീങ്ങുന്നുണ്ടായിരുന്നു. മുട്ടോടക്കുന്ന ഒരു ഉടുപ്പും പിന്നിയിട്ട മുടിയുമായി എല്ലാം വാ പിളന്നു നോക്കുന്ന ​എന്നെ അവര്‍ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ഞാനും ഉത്കണ്ഠയിലായിരുന്നു. എന്നാല്‍ എല്ലാ ഇന്ത്യാക്കാരും എന്റെ  സഹോദരീ സഹോദരന്മാരാണെന്നോര്‍ത്തപ്പോള്‍ അതിശയവും ഉത്കണ്ഠയും സിന്ധുവും യമുനയും കടന്നങ്ങുപോയി.

        ഹിമാദ്രിയുടെ തനതായ കുളിര്‍മയില്‍ മൃഗശാല, ഹനുമാനമ്പലം ​എന്നിവ ഞങ്ങള്‍ സന്ദര്‍ശിച്ചു. ഹനുമാനമ്പലമായിരുന്നു അതിശയം! ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമായിരുന്നു അത്. ഹനുമാന്റെ സുഹൃത്തുക്കള്‍ പരിസരങ്ങളില്‍ കിടന്ന് കറങ്ങുന്നുണ്ടായിരുന്നു.

2 അഭിപ്രായങ്ങൾ:

  1. യാത്ര പോലെ തന്നെ നല്ല സ്പീഡില്‍ ആണല്ലോ വിശേഷങ്ങള്‍ പറയുന്നത്. :)
    നന്നായി ട്ടോ.

    മറുപടിഇല്ലാതാക്കൂ
  2. കൂടുതല്‍ ചിത്രങ്ങളും, വിവരണങ്ങളും പ്രതീക്ഷിച്ചു.... എങ്കിലും നന്നായിടുണ്ട്.... ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ